“ഒപ്പം ഉണ്ട് കേരളം“ __ടി.പി കലാധരന്‍

(ഈ പോസ്റ്റ്‌ ശ്രീ ടി.പി കലാധരന്‍ സാര്‍ ബ്ലോഗിലേക്ക് എഴുതിയ അഭിപ്രായമാണ് . പ്രസ്തുത പോസ്റ്റിലെ അഭിപ്രായം വായിക്കുന്നവരെ അത് കാണൂ . എല്ലാവരും വായിക്കേണ്ടതാണ് എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. കലാധരന്‍ സാര്‍ ക്ഷമിക്കുമല്ലോ ?  കലാധരന്‍ സാറിന്റെ ബ്ലോഗിലേക്ക്  ഇവിടെക്ലിക്ക് ചെയ്യുക പള്ളിക്കൂടം യാത്രകൾ  , ചൂണ്ടുവിരൽ,സ്കൂൾ വാർത്തകൾ,വിദ്യാലയ ശാക്തീകരണം.കോം,   വഴികാഴ്ചകൾ ,കടൽ സന്ധ്യ


                                                                    സ്കൂളിന്റെ  ഉദ്യമം ആവേശം പകരുന്നു.ഞാന്‍  അതീവ സന്തുഷ്ടനാണ്.
കാരണം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്കൂൾ.
അവിടെ കുട്ടികളെ എഴുത്തുകാരാക്കി മാറ്റുന്നു.
കുട്ടികളുടെ രചനകൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അതിന്റെ മൂല്യം കണ്ടെത്തി ലോകവുമായി പങ്കിടുന്നു.
നാടിന്റെ പലഭാഗങ്ങളിലും ഉള്ളവർ ഈ സ്കൂൾ ബ്ലോഗ് സന്ദർശിക്കുന്നു.
കുട്ടികൾക്ക് അനുമോദനങ്ങൾ.
പോരേ, കുട്ടികളായത് കൊണ്ടാണോ ഈ അനുമോദനം? അല്ല അവരുടെ എഴുത്തിന്റെ വലിപ്പം കൊണ്ട് കൂടിയാണ്.
ആറാം ക്ലാസിലെ ( എ ഡിവിഷൻ ) എഴുത്തുകാരെ മാത്രം ഞാൻ ഉദാഹരിക്കുന്നു. (മറ്റു ക്ലാസുകാര് പിണങ്ങരുതേ )
"നൃത്തം ചെയ്യും മാമ്പഴമെല്ലാം
അഴകില് തൂങ്ങി കാണുമ്പോൾ
കൊതിയൂറുന്നെന്നകതാരിൽ." (അശ്വതി ) കവിതയുടെ താളം, വാക്കുകളുടെ ചേരുവ ഇവ കവിതയെ ആകർഷകമാക്കുന്നു. മാമ്പഴക്കൊതി ആർക്കാണ് .ഏതു പ്രായത്തിലാണ് ഇല്ലാത്തത്.?


അനർഘ ദരിദ്രനായ വൃദ്ധനെയാണ് കാട്ടിത്തരുന്നത്.
ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരാളെ സന്തോഷ നിമിഷങ്ങളിൽ കാണുക എന്നത് നല്ല കാര്യം. ഇവിടെ വളരെ ഒതുക്കത്തോടെ ആനന്ദത്തിൻ നദി ഒഴുകി എന്ന് പറഞ്ഞു കവിത അവസാനിപ്പിക്കുമ്പോൾ വായനക്കാർക്കും നദീസ്നാന നിർവൃതി. ആ വരികള് നോക്കൂ.
"അകലെ നിന്നൊരു കുഞ്ഞപ്പോൾ
വയസ്സനെ നോക്കി ചിരിതൂകി
പാവമയാളുടെ ഹൃദയത്തിൽ
ആനന്ദത്തിൻ നദിയൊഴുകി"


താമരപ്പെണ്ണിന്റെ പിറന്നാൾ ദിനം എങ്ങനെ ഉള്ളതായിരിക്കുമെന്നതാണ് സയന ഭാവനയിൽ കണ്ടത്. ആരും കൊതിക്കുന്ന ചേലൊത്ത സുന്ദരി-അവളെ കാണാൻ ആരെല്ലാം വന്നു കാണും.? ആ സന്തോഷം എങ്ങനെ പ്രവർത്തിച്ചിരിക്കും? കവി അവ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു.


"താമരക്കുഞ്ഞിന്റെ തളിരിതളിൽ
പൂമ്പാറ്റ വന്നൊരു മുത്തമിട്ടു"


ശരിക്കും പിറന്നാൾ മധുരം ഉള്ള ര ചന.
അശ്വതി വെള്ളയുടുപ്പിട്ട കോഴിക്കുഞ്ഞേ എന്നു തുടങ്ങുന്നു.


“കൂരിരുട്ടാണെങ്ങും ഓര്മ്മ വേണം
കാലമിതു കള്ളക്കർക്കിടകം“.
ഇതു വായിച്ചപ്പോൾ കടമ്മനിട്ട എഴുതിയ വരികൾ ഓർമ്മ വന്നു.
പഴയ ഒരു പാട്ടുണ്ട്.അതു പങ്കിടാം.


“ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതപ്പോത്ത്തിൽ വെച്ചിട്ടുണ്ട്
അപ്പം തന്നാൽ ഇപ്പം പാടാം
ചക്കര തന്നാൽ പിന്നേം പാടാം“


ഇവിടെ പാട്ട് മധുരമുള്ളതായതിനാൾ ചക്കര പകരം ചോദിക്കുകയാണ്.
സവ്യശ്രീ അണ്ണാരക്കണ്ണനോട് പറയുന്നു ഒരു കൊച്ചു മാമ്പഴം തന്നാല് പകരം മധുരമുള്ള പാട്ട് നല്കാം എന്ന്.
പാട്ടിന്റെ മധുരം = മാമ്പഴത്തിന്റെ മധുരം. കൊള്ളാം!
സഫ്ന കവിത കുഞ്ഞാടിന് നല്കി.
ഏഴ് കുഞ്ഞെഴുത്തുകാരുടെ രചനകൾ.
ഇനിയും കൂടുതൽ എഴുത്തുകാർ പ്രത്യക്ഷപ്പെടും.
സ്കൂൾ എഴുത്ത് കൂട്ടത്തിനു മികച്ച മാതൃക.
പൊതുവിദ്യാലയങ്ങൾ ബ്ലോഗെഴുത്തുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ അതു ഒരു ചരിത്രം സൃഷ്ടിക്കലാണ്.
ഒപ്പം ഉണ്ട് കേരളം എന്നു പറയാൻ ആഗ്രഹിക്കുന്നു.                        
                                                         ടി.പി കലാധരന്‍ 

സ്വാതന്ത്ര്യം_____നഫ്‌ല മുഹമ്മദ്‌ .പി . 6A

അത്തിമരത്തിൽ ചാഞ്ചാടും
തത്തപ്പെണ്ണേ പോരാമോ?
പവിഴക്കൂട്ടിന്നുള്ളിൽ ഞാൻ
പട്ടുകിടക്ക വിരിച്ചു തരാം.
തങ്കത്തളിക നിറച്ചും ഞാൻ
പാലും പഴവും തന്നീടാം,
പച്ചയുടുപ്പിൻ മേലെഞാൻ
ചോപ്പുടയാടകൾ അണിയിക്കാം.
പോരൂ പോരൂ ചങ്ങാതീ
പലപല കേളികളാടീടാം.

ഒന്നുരിയാടാതെന്തേ നീ
ഞാൻ ചോദിച്ചതു കേട്ടില്ലേ?
അത്തിമരം വിട്ടെന്നുടെ കൂട്ടിന്
വന്നില്ലെങ്കിൽ വേണ്ടില്ല.
വാനിൽ ചിറകുവിരുത്തിപ്പാറും
നിന്നിഷ്ടം നിൻസ്വാതന്ത്ര്യം.
                    നഫ്‌ല മുഹമ്മദ്‌ .പി . 6A

തേന്മാവിനോട് ______അശ്വതി.കെ.കെ 6എ


ചക്കര മാവേ തേന്മാവേ
മാമ്പഴമൊന്ന് തരാമോ നീ
നിൻ ശിഖരത്തിലണിഞ്ഞ പഴങ്ങൾ
താഴെ വീഴ്ത്തി തരികില്ലേ?

മഞ്ഞ നിറത്തിൽ ചോപ്പുനിറത്തിൽ
നൃത്തം ചെയ്യും മാമ്പഴമെല്ലാം
അഴകിൽ തൂങ്ങി കാണുമ്പോൾ
കൊതിയൂറുന്നെന്നകതാരിൽ.

കാറ്റേ വരു നീ തേന്മാവിൽ
മാമ്പഴമൊന്നു പറിച്ചുതരൂ
മാവിൻ ചോട്ടിൽ കളിയാടാം
ഒന്നിങ്ങണയൂ പൂങ്കാറ്റേ

            അശ്വതി.കെ.കെ  6എ 

പാവം ഹൃദയം______അനർഘ. 6എ


കടവക്കത്തൊരപ്പൂപ്പൻ
പട്ടിണികൊണ്ടു വലഞ്ഞല്ലോ
തണുപ്പുകൊണ്ടാ പാവം വൃദ്ധൻ
വിറച്ചു കൊണ്ടു കിടക്കുന്നു

അദ്ദേഹത്തിനു ഭക്ഷിക്കാൻ
ഭക്ഷണമാരും നൽകീല
വിശപ്പുകൊണ്ടാ പാവം മർത്ത്യൻ
മരണത്തിൻ പടിവാതിൽക്കൽ

പെട്ടന്നാരോ അദ്ദേഹത്തിന്
പഴങ്ങൾ കൊണ്ടുകൊടുത്തല്ലൊ
ആർത്തിയിൽ മുഴുവൻ ഭക്ഷിച്ചപ്പോൾ
ആരാരേയും കണ്ടീല

അകലെ നിന്നൊരു കുഞ്ഞപ്പോൾ
വയസ്സനെ നോക്കി ചിരിതൂകി
പാവമയാളുടെ ഹൃദയത്തിൽ
ആനന്ദത്തിൻ നദിയൊഴുകി

             അനർഘ. 6എ 

പൂവാലനണ്ണാനോട്‌‌‌‌‌‌‌‌‌----------സവ്യശ്രീ.എം. 6എ


ഒരു കൊച്ചുമാമ്പഴം താഴെയിടൂ
കനിവുള്ള പൂവാലനണ്ണാനേ
പകരമായ് നാളെ ഞാൻ വന്നിടുമ്പോൾ
മധുരമായ് ഒരു പാട്ട് പാടിത്തരാം.

ഒരുപാട്നേരമായ് ഞാനിവിടെ
അഴകുള്ളൊരണ്ണാരക്കണ്ണനല്ലേ
അരുമക്കിടാവാണ് നീയെനിക്ക്
ഒരു നല്ല മാമ്പഴം തരികയില്ലേ?

ഉച്ചയ്ക്ക് കാറ്റൊന്നടിച്ചനേരം
തുരുതുരെ മാമ്പഴം വീണതാണ്
അവയൊക്കെ പിള്ളാര് കൊണ്ടു പോയി
ഒറ്റയൊരെണ്ണവും കിട്ടിയില്ല.
             
          സവ്യശ്രീ.എം.  6എ

ജന്മദിനം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------സയന 6എ


കൊച്ചുകുളത്തിൽ താമര പൂത്തു
ഒപ്പം കൂട്ടുകാർ പൂത്തുണർന്നു
ഇന്നാണല്ലോ ജന്മദിനം
താമരപ്പെണ്ണ് പിറന്നദിനം.

എന്തൊരു ചേലാണവളെന്നോ
ആരും കൊതിക്കുന്ന സുന്ദരിയാൾ
പൂത്തുമ്പികളും വണ്ടുകളും
കുഞ്ഞിനെ കാണാൻ വരവായി.

തവളച്ചാരും ഞണ്ടുകളും
ആടിപ്പാടി തരികിടതോം
മീനുകളും നീർക്കോലികളും
നീറ്റിൽ നീന്തി രസിക്കുന്നു.

താമരക്കുഞ്ഞിന്റെ തലിരിതളിൽ
പൂമ്പാറ്റ വന്നൊരു മുത്തമിട്ടു
കൊച്ചുകുളത്തിൽ കുഞ്ഞുപിറന്നതിൽ
എല്ലാവർക്കും സന്തോഷം


കുഞ്ഞാട്____സഫ്ന അബ്ദുല്‍ കരീം 6A


വീട്ടിലുണ്ടൊരു കുഞ്ഞാട്
കിങ്ങിണികെട്ടിയ കുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
പുള്ളിയുടുപ്പുള്ളവളാണ്.

തള്ളയ്ക്കൊപ്പമുറങ്ങീടും
തള്ളഎണീറ്റാൽ എഴുനേൽക്കും
തള്ളയ്ക്കൊപ്പം മേഞ്ഞീടും
തള്ളയോടൊപ്പം കളിയാടും.

ഓമനയാണീ കുഞ്ഞാട്
സുന്ദരിയായൊരു കുഞ്ഞാട്
അമ്മ വിളിച്ചതു കേട്ടെന്നാൽ
ഓടി വരുന്നൊരു കുഞ്ഞാട്.

കൂട്ടിൻ മുകളിൽ കേറീടും
കുസ്യുതിത്തരമുള്ളവളാണ്
ഓടിച്ചാടും നേരത്ത്
വീണതു കണ്ടോ മുറ്റത്ത്.
                                സഫ്ന അബ്ദുല്‍ കരീം 6A

കള്ളക്കർക്കിടകം______അശ്വതി.കെ.കെ 6A


വെള്ളയുടുപ്പിട്ട കോഴിക്കുഞ്ഞേ
നിന്നെ കാണുവാൻ എന്തു ഭംഗി
പാൽ നുര പോലുള്ള നിന്റെ മേനി
നനയാതിരിക്കുവാൻ ശ്രദ്ധ വേണേ

ഒറ്റയ്ക്ക് മുറ്റത്തിറങ്ങിടൊല്ലേ
കാക്കക്കറുമ്പൻ കറങ്ങിടുന്നൂ
തള്ളയില്ലാതെ പുറത്തു പോയാൽ
റാഞ്ചുവാൻ കള്ളപരുന്തെത്തിടും

സൂക്ഷിച്ചു പോകണേ തൊടിയിലൊക്കെ
കുറുനരി വന്നാൽ കടിച്ചു തിന്നും
കൂരിരുട്ടാണെങ്ങും ഓര്‍മ്മ വേണം 
കാലമിതു കള്ളക്കർക്കിടകം.

              അശ്വതി.കെ.കെ

പൂമുഖത്തിനു പിന്നിലെ പൊയ്മുഖം__________________ കൊച്ചുണ്ണി

പൂമുഖം..മനോഹരമായ പേര്..പൂമുഖത്തിനു മുൻപിൽ  (പിന്നിൽ)  ഒരു പൊയ്മുഖമുണ്ടെന്ന് പറഞ്ഞാൽ പെട്ടന്ന് ആർക്കും ഒന്നും മനസ്സിലാവില്ല.  എന്നാൽ പൂമുഖത്തുകാർക്ക് മനസ്സിലാകും. പൂമുഖത്തിന്റെ പൊയ്മുഖം വലിച്ച് കീറിയതിന് പിന്നിൽ ഒരു കഥയുണ്ട്. സംഭവം വർഷങ്ങൾക്ക് മുമ്പാണ്. പൂമുഖം ഉൾപ്പെടുന്ന വേളം പഞ്ചായത്ത് തീർത്തും അവികസിതമായിരുന്ന കാലം. വേളത്ത് അന്ന് ചികിത്സാ സൌകര്യങ്ങളൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അത്യാവശ്യ ഘട്ടങ്ങളിൽ കുറ്റിയാടിയോ വടകരയോ പോകുകയായിരുന്നു പതിവ്. അപ്പോഴാണ് അവതാര തുല്യനായി ഒരു ഡോക്റ്റർ വേളത്ത് എത്തുന്നത്. അദ്ദേഹത്തെ വേളത്തുകാർ തങ്ങളുടെ സ്വന്തം ഡോക്റ്ററായി സ്വീകരിച്ചു. പൂമുഖത്തായിരുന്നു ഡോക്റ്റർ തന്റെ ക്ലിനിക് തുടങ്ങിയത്. ക്ല്നിക്കിന്റെ ഉൽഘാടനം നടത്തണം. നൊട്ടീസ് ,പോസ്റ്റർ, ബോർഡ് എന്നിവ വേണമല്ലോ.. നൊട്ടീസിന് വേണ്ട ഡ്രാഫ്റ്റ് തയ്യാറാക്കുമ്പോൾ ആണ് ശ്രദ്ധിച്ചത്. “എന്താ സ്ഥലത്തിന്റെ പേര് ?  “പൊയ്യോത്തില്”.  “പൊയ്യോത്തിലോ?” അതെ, “പൊയ്യോം” “പൊത്തിലോ, പോത്തിലോ എവിടെയായാലും ഈ പേർ നമുക്ക് വേണ്ട“..ഡോക്റ്റർ ഒരു പട്ടണവാസിയാണേ..അദ്ദേഹത്തിന് ഈ പേർ തീരെ പിടിച്ചില്ല. “നാലാളോട് പറയാൻ കൊള്ളാവുന്ന വല്ല പേരും വേണം“. എന്നാൽ “പൊയ്മുഖം” എന്നാക്കിയാലോ“?  ചോദിച്ചത് സ്ഥലത്തെ പ്രധാന ദിവ്യനായ , അന്നു വരെ വേളത്തുകാർക്ക് ചികിത്സയരുളിയ, കണ്ടാൽ താക്കോല് പോലെയിരിക്കുന്ന ഹോമിയോ ഡോക്റ്ററാണ്.. പൊയ്മുഖം എന്നതിന്റെ തത്ഭവമാണ് പൊയ്യോം. “പൊയ്മുഖം“ എന്നത് ഉപയോഗപഴക്കം കൊണ്ട് “പൊയ്യൊം“ എന്നായതാണെന്ന് ഹോമിയോ ഡോക്റ്റർ തന്റെ ചരിത്രാവബോധം  പ്രകാശിപ്പിച്ചു. അവിടെ പണ്ടു തെയ്യക്കോലം കെട്ടുന്ന ഒരു പുരയുണ്ടായിരുന്നെന്നും,തെയ്യത്തിന് പൊയ്മുഖം കെട്ടുന്ന സ്ഥലത്തിന് “ പൊയ്മുഖം” എന്ന് പേർ വന്നതാണെന്നും “ “ഹോമിയൊപ്പൊതി” വിശദീകരിച്ചു. ( ഹോമിയൊ ഡൊക്റ്ററെ നാട്ടുകാർ സ്നേഹത്തോടെ “ഹോമിയോ“പ്പൊതി“ എന്നായിരുന്നു വിളിച്ചിരുന്നത്. ഹോമിയോ മരുന്ന് “പൊതി“ യായിട്ടായിരുന്നല്ലോ പണ്ട് കൊടുത്തിരുന്നത്.) “പൊയ്മുഖം എന്ന് വേണ്ട“.ഡോക്റ്റർ തീർത്തു പറഞ്ഞു. “പൊയ്മുഖം” എന്നാൽ മുഖമൂടി എന്നാണ് അർഥം..നമുക്കെന്തിനാ ഒരു മുഖമൂടി. നമുക്ക് പുതിയ ഒരു പേര് കണ്ടെത്താം. ‘പൂമുഖമെന്നാക്കിയാലൊ?‘ ഒരു സഹൃദയന്റെ നിര്‍ദ്ദേശം.  “അതെ പൂമുഖം എന്ന് തന്നെ മതി“ .തീരുമാനം ഏക സ്വരത്തില്‍ ആയിരുന്നു. അങ്ങനെ പോയ്യോത്തിന് ഒരു നല്ല പേരുകിട്ടി, പൂമുഖം. തമാശ നടന്നത് പിന്നീടാണ്.  പൂമുഖം എന്ന പേര്‍ എല്ലാവരും അംഗീകരിച്ചു. എഴുതാനും വായിക്കാനും സുഖം.  തൊട്ടടുത്ത അങ്ങാടിയാണ് തീക്കുനി.  അടുത്ത പ്രഭാതത്തില്‍ തീക്കുനിക്കാര്‍ കണ്ടത് അങ്ങാടിയിലെ എല്ലാ ബോര്‍ഡുകളിലെയും  " തീക്കുനി" എന്ന പേര്‍ കരിയോയില്‍ കൊണ്ടു മായ്ക്കപെട്ടിരിക്കുന്നു ..പകരം "പൂക്കുനി " എന്ന് എഴുതി ചേര്‍ത്തിരിക്കുന്നു.  രാത്രിയില്‍, പൂമുഖം എന്ന പേര്‍ കേട്ട് അസൂയ്യ മൂത്ത ആരോ ഒപ്പിച്ച വേലയായിരുന്നു അത് .
                                                                                        ______________കൊച്ചുണ്ണി

ഉദ്യാനം___________മുഹ്സിനത് സാഫിയ 7A

ഉദ്യാനത്തിലെ ചെടികള്‍ പൂത്തു
ആഹ്ലാദം കൊണ്ടു ഞാന്‍ മതി മറന്നു .
തേന്‍മലര്‍ കൂട്ടങ്ങള്‍ പുഞ്ചിരിക്കും 
പൂന്തോട്ടം കാണാന്‍ ഇതെന്തു ഭംഗി .

സൂര്യനെ സ്നേഹിച്ച സൂര്യകാന്തി 
സൌരഭ്യമേകിടും കുടമുല്ലയും 
നമ്ര മുഖിയായ ശംഖു പുഷ്പം 
ആരാമം സ്വര്‍ഗമായ് തീര്‍ത്തിടുന്നു 

വണ്ടുകള്‍ പാറി പറന്നിടുന്നു
പൂന്തേന്‍ നുകര്‍ന്ന് രസിച്ചിടുന്നു 
ചിത്ര ശലഭവും തേനീച്ചയും 
കൂട്ടിനായ് പാറി വരികയായി .

                                         ഉദ്യാനം___________മുഹ്സിനത് സാഫിയ 7A

പുളകമഴ_____നവനീത് ക്യഷ്ണൻ. 6 ബി


ഴമഴമഴമഴ പെയ്യുന്നു
പുതുമഴ പെരുമഴ പെയ്യുന്നു.
മിന്നൽ പിണരുകൾ പായുന്നു
മാനത്തിടികൾ മുഴങ്ങുന്നു.

പാടവരമ്പിൽ തവളക്കുട്ടൻ
ഉല്ലാസത്താൽചാടുന്നു,
ആനന്ദത്താൽ തോട്ടിലെ
നീറ്റിൽ മീൻ കുഞ്ഞുങ്ങൾ പുളയ്ക്കുന്നു.

കുളവക്കത്തെ വ്യുക്ഷക്കൊമ്പിൽ
പൊന്മകൾ കാവലിരിക്കുന്നു,
വയലിൽ കൊറ്റികൾ
ഒറ്റക്കാലിൽ യോഗഭ്യാസം ചെയ്യുന്നു.

തോടും പുഴയും വഴിയും വയലും
വെള്ളം വെള്ളം സർവത്ര,
കുട്ടികൾ ആർപ്പുവിളിക്കുന്നു
കളിവള്ളങ്ങൾ ഇറക്കുന്നു.

നറുമഴ തൂമഴ തുമ്പമഴ
പൊന്മഴ പാൽമഴ പവിഴമഴ,
പെരുമഴ തേന്മഴ തക്രുതിമഴ
പിള്ളേർക്കെല്ലാം പുളകമഴ

                                  നവനീത് ക്യഷ്ണൻ. 6 ബി


“കോട്ട്മുക്ക്”

ഒരാൾ സ്വന്തം പേര് ഒരു കവലയ്ക്ക് നൽകി ആ കവലയെ പ്രശസ്തമാക്കിയ ഒരു സംഭവമാണിവിടെ പറയാൻ പോകുന്നത്. സ്ഥലനാമം സ്വന്തം പേരിനൊപ്പം ചേർത്തു പ്രസിദ്ധരായി രാഷ്ട്രീയത്തിലും സാഹിത്യത്തിലും വിലസുന്നവർ ഒരു പാടുള്ള ഈ കാലത്ത് ഈ ഉദാരത്യ്ക്ക് പ്രസക്തിയേറുന്നു.
ഇദ്ദേഹത്തിന്റെ പേര് കുഞ്ഞമ്മദ് എന്നാണ്. ഇപ്പോൾ മസാല ക്കച്ചവടമാണ് തൊഴിൽ. മുൻപ് പലവിധ കച്ചവടവും ചെയ്തിരുന്നു. ഉണക്ക മത്സ്യം,പുകയില തുടങ്ങിയ ചില സാധനങ്ങൾ വയനാട്ടിൽ കൊണ്ടു പോയി വിറ്റും അവിടുന്നു തേൻ,കോലരക്ക്,തുകൽ എന്നിവ നാട്ടിൽ കൊണ്ടു വന്നും വലിയൊരു കുടുംബം പുലർത്തിയിരുന്നു കുഞ്ഞമ്മദ്. അക്കാലത്ത് വയനാട്ടിലെ വലിയ തണുപ്പിൽ നിന്നും രക്ഷ നേടാൻ ആരൊ കുഞ്ഞമ്മദിന് ഒരു പഴയ കോട്ട് സമ്മാനിച്ചിരുന്നു. പലപ്പോഴും അല്ല, എല്ലായ്പ്പോഴും ഈ കോട്ടും ലുങ്കിയിമാണ് മൂപ്പരുടെ വേഷം.അങ്ങനെ കുഞ്ഞമ്മദിന് “കോട്ട് കുഞ്ഞമ്മദ്“ എന്ന പേരു ലഭിച്ചു.പിന്നെപ്പിന്നെ ആ പേർ വെറും “കോട്ട്” എന്ന് മാത്രമായി. വയനാട്ടിലേക്ക് യഥേഷ്ടം വാഹനങ്ങളൊക്കെ വന്നതിൽ പിന്നെ വയനാടൻ കച്ചവടത്തിനു ഇടിവ് പറ്റി. അതിനാൽ തന്റെ ബിസിനസ്സ് സാമ്രാജ്യം നാട്ടിൽ മാത്രമായി പരിമിതപ്പെടുത്താൻ കോട്ട് തീരുമാനിച്ചു.  തല്ഫലമായി അരൂർ കവലയിൽ കോട്ട് ഒരു കച്ചവടം തുടങ്ങി. ആരംഭത്തിൽ വേറൊരാൾ കൂടെ പങ്കാളിയായി ഉണ്ടായിരുന്നു. പേര് കുമാരൻ.  കുമാരന് 90 ശതമാനവും കഷണ്ടിയാണ്.  കോട്ടിന് ഒരു 80 ശതമാനവും.  രണ്ടു കഷണ്ടികൾ.  നാട്ടുകാർ അരൂർ കവലയ്ക്ക് ഒരു പേര് കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഈ രണ്ട് കഷണ്ടികൾ അവരുടെ ശ്രദ്ധയിൽ പെട്ടത്.  അങ്ങനെ കവലയ്ക്ക് ഒരു പേർ ലഭിച്ചു. “കഷണ്ടിമുക്ക്”.


കോട്ടിനെ പറ്റി പറയുമ്പോൾ “വിയറ്റ്നാംകോളനി“ എന്ന സിനിമയിലെ “കോട്ട്മുക്രി“ എന്ന കഥാപാത്രത്തെ ഓർമ്മ വരാറുണ്ട്. ആ സിനിമയുടെ തിരക്കഥാരചയിതാവ് കോട്ടിനെ കുറിച്ച് കേട്ടിട്ടാണോ അങ്ങനെ ഒരു കഥാപാത്രത്തെ ഉണ്ടാക്കിയതെന്ന് സംശയമുണ്ട്.


ഒരിക്കൽ വയനാട്ടിൽ നിന്നും കോട്ട് പോത്തിന്റെ തുകൽ നാട്ടിലേക്ക് കൊണ്ട് വരികയായിരുന്നു.  ബസ്സിൽ വല്ലാത്ത നാറ്റം.കെ,എസ്.ആർ.ടി.സി ബസ്സാണ്.  യാത്രക്കാർ പിറുപിറുപ്പ് തുടങ്ങിയപ്പോൾ കണ്ടക്റ്റർ കാര്യം അന്വേഷിച്ചു.അപ്പോഴാണ് കോട്ടിന്റെ കയ്യിൽ ഒരു പൊതി കാണുന്നത്. അതിൽ നിന്നും ഇളം ചുകപ്പ് നിറമുള്ള ഒരു ദ്രാവകം.ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.  കണ്ടക്റ്റർ ദേഷ്യത്തിൽ അതെന്താനെന്നു തിരക്കി. “തേൻ” ആണെന്നായിരുന്നു കോട്ടിന്റെ മറുപടി.  അത് തേൻ തേൻ തന്നെയെന്ന് കണ്ടക്റ്റർക്ക് തോന്നുകയും ചെയ്തു.അദ്ദേഹം ഇറ്റി വീഴുന്ന ദ്രാവക വിരൽ കൊണ്ടെടുത്ത്.അല്പം രുചിച്ചു നോക്കിയപ്പോൾ ഒരു വല്ലാത്ത രുചിയും നാറ്റവും തോന്നി.. കോപിഷ്ടനായ് കണ്ടക്റ്റർ കോട്ടിനോട് കയർത്തപ്പോൾ കോട്ടിന്റെ മറുപടി ഇപ്രകാരമായിരുന്നു: “നിങ്ങൾക്കിത് പോത്തിന്റെ തോലായിരിക്കാം പക്ഷേ എനിക്കിത് തേനാ”. “എന്റെ കുടുംബം പുലരുന്നത് ഈ പോത്തിന്റെ തോലുകൊണ്ടാ”!   ബസ്സിലുള്ളവർക്കോ കണ്ടക്റ്റർക്കോ ഇതിന് മറുപടിയൊന്നും തോന്നിയില്ല.

ഇങ്ങനെ കോട്ടിനെക്കുറിച്ച് നാട്ടുകാർക്ക് ഒരുപാട് കഥകൾ പറയാനുണ്ട്. അതവിടെ നിൽക്കട്ടെ.  നമ്മൾ സ്ഥലനാമം ദാനം ചെയ്ത കഥയാണല്ലൊ പറഞ്ഞു വന്നത്.  അരൂർ കവലയ്ക്ക് കഷണ്ടിമുക്ക് എന്നപേർ പ്രചരിച്ചു വരുമ്പൊഴാണ് കോട്ടും കുമാരനും തമ്മിൽ ഇടഞ്ഞത്.  കച്ചവടം കണക്ക് പിരിഞ്ഞു.  പിന്നീട് വ്യാപാരം കോട്ട് ഒറ്റയ്ക്കായി. .അതിൽ പിന്നീടാണ് അരൂർ കവലയ്ക്ക് “കോട്ട്മുക്ക്“  എന്ന പേർ ലഭിച്ചത്. ഇപ്പോൾ ആ പേർ ഔദ്യോഗികമായും സ്ഥിരീകരിക്കപ്പെട്ട അവസ്ഥയാണ്. പത്രങ്ങളിൽ വാർത്ത വരുന്നതും പോസ്റ്റ് അഡ്രസ്സായി എഴുതി വരുന്നതും “കോട്ട്മുക്ക്” എന്നു തന്നെയാണ്. ഇനിയിപ്പോൾ കോട്ടിനോടു തന്നെ നിങ്ങൾക്കെവിടെയാ കച്ചവടം എന്നു ചോദിച്ചാൽ : കോട്ട്മുക്കെന്ന്“  കോട്ട് തന്നെ പറയും.
                                                                                      കൊച്ചുണ്ണി


കവിത: തത്തയോട് …… അപർണ.കെ.പി

 കവിത: തത്തയോട് .. അപർണ.കെ.പി  7D

പുന്നെല്ലിൻ കതിരുകൾ കൊത്തിപ്പറക്കുന്ന
തത്തേ നിൻ ചുണ്ടുകൾക്കെന്തു ഭംഗി.
മഴവില്ലു പൊലവെ പല നിറം പൂശിയ
നിന്നുടൽ കാണുവാനെന്തഴക്.
പൊൻ കതിർ കൊത്തി നീ പാറിടുമ്പൊൾ
കൂടെ വന്നീടുവാൻ മോഹമുണ്ട്.
മാനത്തെ മേട്ടിലങ്ങെവിടെയാണ്
നീ തങ്ങുന്ന താവളം ചൊല്ലു തത്തേ.

കുയിലമ്മ ................മേഘ 7ഡി

കുയിലമ്മ               മേഘ   7ഡി


കുയിലേ കാക്കക്കുയിലമ്മേ
ഒരു നിമിഷം നീ നിൽക്കാമോ,
മധുഗാനം നീ പാടാമോ,
സ്വരമാധുരി ഞാൻ കേൾക്കട്ടെ.

നിന്നെ കാണാൻ എന്തു രസം,
നിൻ ശ്രുതി കേൾക്കാൻ എന്തു സുഖം.
നിന്നുടൽ ഏഴും ചേർന്ന നിറം,
പാടും ഗാനം ലയ സുഭഗം.

കവിത: കണി ഫഹീമ & ഫഹമിദ ഷറിൽ

കവിത: കണി            ഫഹീമ & ഫഹമിദ ഷറി

മഞ്ഞക്കണിക്കൊന്ന പൂവണിഞ്ഞു
മേട വിഷുപ്പക്ഷി പാട്ടു പാടി.
പാടം കനികളാൽ താലമേന്തി
മേടപ്പുലരിയണഞ്ഞു വീണ്ടും.
 നീ നിൻ മിഴികൾ തുറന്നു നോക്കൂ
നേരമായ് നേരിൻ കണികാണുവാൻ
കണികണ്ടു നിന്നു മനം നിറഞ്ഞു
സംക്രമനാളിൽ വിഷുവൊരുങ്ങി.

കവിത: പുലരി . ഫാഹിമാ ശബ

കവിത: പുലരി  .           ഫാഹിമാ ശബ   6B                                     

കിഴക്കു വാനിൽ ചുകപ്പു ചാർത്തി
പുലരി കൊളുത്തി പൊൻ ദീപം
കൂരിരുൾ ഓടിയൊളിച്ചീടുന്നു
പുലർവെട്ടം ചിരി തൂകുന്നു.

കൊഴികൾ കൊക്കര കൊക്കക്കൊ
ഗ്രാമം കൂവിയുണർത്തുന്നു
തുമ്പികളും പൂമ്പാറ്റകളും
പൂന്തോട്ടത്തിൽ രമിക്കുന്നു.

പക്ഷിക്കൂട്ടം തീറ്റകൾ തേടി
പലവഴി വാനിൽ പാറുന്നു.
വവ്വാലുകളും മൂങ്ങകളും
നിദ്രയിലാണ്ടു തുടങ്ങുന്നു.

ആലിൻ കൊമ്പത്തണ്ണാൻ കുഞ്ഞ്
ചിൽ ചിൽ താളം കൊട്ടുന്നു
ഉല്ലാസത്താൽ കതിരൊളി തൂകും
ഭൂമിയിലാനന്ദോത്സവമായ്.

ചേരാപുരം.യു.പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീ ശ്രീജിത്ത് കൈവേലി നിർവ്വഹിക്കുന്നു

 ചേരാപുരം.യു.പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീ ശ്രീജിത്ത് കൈവേലി നിർവ്വഹിക്കുന്നു (72.97M)

കഥ: തേനൂറും മാമ്പഴം---------------------------അസ്മിത & ഷഹനാസ് 7D

കോമപുരം വർണസുരഭിലയായ ഒരു കൊച്ചു ഗ്രാമമാണ് . അവിടെയാണ് മിന്നുവും ചിന്നുവും . അവർ ഒരു മരത്തിനു സമീപം കളിക്കുകയാണ് . അപ്പോൾ അപ്പുവും ഗോപുവും അവിടെയെത്തി . ഗോപു ചോദിച്ചു. “ഇന്നെന്താ കളി?” കുട്ടിയും കോലും കളിക്കാമെന്ന് അപ്പു പറഞ്ഞു . എല്ലാവർക്കും അതു സമ്മതമായിരുന്നു . കളിച്ചു കളിച്ച് അവർ ക്ഷീണിച്ചു . ക്ഷീണമകറ്റാൻ അവർ ആ മാവിൻ ചോട്ടിലിരുന്നു .“കുട്ടികളേ...കുട്ടികളേ.” ആരോ വിളിക്കുന്നു..“ആരാ നമ്മളെ വിളിക്കുന്നത്?” അത് തേന്മാവാണെന്ന് അവർക്ക് മനസ്സിലായി .“തേന്മാവേ..തേന്മാവേ..കളിച്ചു ക്ഷീണിച്ചു .കുറച്ച് മാമ്പഴം തരുമോ?” മാമ്പഴം പോലെ തേന്മധുരത്തിൽ മാവ് പറഞ്ഞു .  “എന്റെ ചില്ലകൾ താഴ്ത്തി ഇഷ്ടം പോലെ പറിച്ചെടുത്തോളൂ .” നല്ല നറു മണവും ഭംഗിയുമുള്ള മാമ്പഴങ്ങൾ... അവർ മാവിൻ ചോട്ടിലിരുന്ന് അവ ഓരോന്നായി കഴിക്കാൻ തുടങ്ങി..അപ്പോൾ തേന്മാവ് തന്റെ കഥ പറഞ്ഞു: കുട്ടികൾ കേൾക്കാനുള്ള ആർത്തിയോടെ ചെവി കൂർപ്പിച്ചിരുന്നു . മരത്തൈകൾ വിൽക്കുന്ന ഒരു വലിയ നഴ്സറി . അവിടെ ഞാനും ഉണ്ടായിരുന്നു . അപ്പോൾ ഒരാൾ വന്ന് എന്നെ വിലയ്ക്ക് വാങ്ങി..അദ്ദേഹം എന്നെ ഒരു പറമ്പിൽ കൊണ്ടു പോയി നട്ടു . എനിക്ക് ആവശ്യമായ വെള്ളവും വളവും പരിചരണവും തന്ന് അയാൾ എന്നെ ഓമനിച്ചു വളർത്തി . അങ്ങനെ ഞാനൊരു വലിയ തേന്മായി . പക്ഷെ എനിക്ക് എന്റെ ആ വളർത്തച്ചന്  ഒരു മാമ്പഴം കൊടുക്കാൻ പോലും കഴിഞ്ഞില്ല.   അതിനു മുൻപേ അദ്ദേഹം എന്നെ വിട്ടു പോയി . തേന്മാവു ഏങ്ങി കരയാൻ തുടങ്ങി . കുട്ടികൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ തേന്മാവു മിന്നുവിനേയും ചിന്നുവിനേയും നോക്കി വാത്സല്യത്തോടെ ഒന്നു പുഞ്ചിരിച്ചു.പിന്നെ പറഞ്ഞു. .  “ എന്നാൽ എനിക്കിന്ന് വളരെ സന്തോഷമായി..കാരണം എന്റെ വളർത്തച്ചന്റെ പേരക്കുട്ടികളാണ് ഈ നിൽക്കുന്ന ചിന്നുവും മിന്നുവും.”  ചിന്നുവും മിന്നുവും പരസ്പരം നോക്കി . നിങ്ങൾ എന്നെങ്കിലും എന്റെയടുത്തു കളിക്കാൻ വരുമെന്ന് ഞാൻ കരുതിയിരുന്നു . ഇപ്പോൾ ഞാൻ സന്തോഷവാനാണ്.. എന്റെ മക്കൾക്ക് ഞാനെന്താ തരേണ്ടത്?” ഇതു ചോദിച്ച് തേന്മാവ് കുലുങ്ങിയൊന്ന് ചിരിച്ചു .  ...പഴുത്ത് തുടുത്ത നൂറ്കണക്കിനു ഭംഗിയും സുഗന്ധവുമുള്ള മാമ്പഴങ്ങൾ അവിടെയാകെ വർഷിച്ചു..അപ്പുവും ഗോപുവും അസൂയയോടെ ചിന്നുവിനേയും മിന്നുവിനേയും നോക്കി നിൽക്കുകയായിരുന്നു.
-------------------------------------- അസ്മിത  & ഷഹനാസ്  7D

ഈ വല്ലിയിൽ നിന്നു ചെമ്മേ


ഈ വല്ലിയിൽ നിന്നു ചെമ്മേ

ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ
പോകുന്നിതാ പറന്നമ്മേ
 തെറ്റി നിനക്കുണ്ണി ചൊല്ലാം -നല്‍പ്പൂ
മ്പാറ്റകളല്ലേയിതെല്ലാം
മേൽക്കുമേലിങ്ങിവ പൊങ്ങി വിണ്ണിൽ
നോക്കമ്മേ എന്തൊരു ഭംഗി
അയ്യോ പോയ് കൂടിക്കളിപ്പാൻ അമ്മേ
വയ്യേ എനിക്കു പറപ്പാൻ (ഈ വല്ലിയിൽ‍)
അവാത്തതിങ്ങനെ എണ്ണി ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണി
പിച്ച നടന്നു കളിപ്പൂ നീയീ
പിച്ചകമുണ്ടോ നടപ്പൂ

അമ്മട്ടിലായതെന്തെന്നാൽ
ഞാനൊരുമ്മ തരാമമ്മ ചൊന്നാൽ
നാമിങ്ങറിയുവതല്പം എല്ലാം
ഓമനേ ദൈവസങ്കല്പം - (ഈ വല്ലിയിൽ‍)
ചിത്രം/ആൽബം: 
 ഒള്ളതു മതി
ഗാനരചയിതാവു്: 
 കുമാരനാശാൻ

ഞാനും കൂട്ടാണേ- - - - - സഫരിയ .പി.കെ . 6A


എന്റെ വീട്ടിലെ പൂന്തോട്ടത്തിലെ
 സുന്ദരിയായൊരു പൂമ്പാറ്റേ
എല്ലാ നാളും എന്‍ തോട്ടത്തില്‍
 എന്തിനു വന്നീടുന്നു നീ ?
തേന്‍ മധുരം നുകരനാണോ
 പൂവുകള്‍ കണ്ടു രസിക്കാനോ ,
കൂട്ടായെത്തും  വണ്ടുകള്‍ ,തുമ്പിക-
ള്‍ക്കൊപ്പം ചേര്‍ന്ന്കളിക്കാനോ?
എന്നാലിനി മുതല്‍ എല്ലാ ദിനവും
 ഞാനും നീയും കൂട്ടാണേ,
ഒത്തൊരുമിച്ചു രമിക്കും
 നമ്മള്‍ക്കെല്ലാമാണേ പൂന്തോട്ടം . 
                                                                                                        സഫരിയ .പി.കെ .   6A

മുല്ലപ്പൂവ്‌ --------------------------- തീർത്ഥ 6B

മുല്ലപ്പൂവേ നിന്‍ കവിളില്‍
മുത്തം വെയ്ക്കാന്‍ ഞാന്‍ വന്നു
നറുമണമൂറും നിൻ ചൊടിയിൽ
നല്കീടട്ടെ പൊന്‍ മുത്തം 

എന്തൊരു ചന്തം നിന്‍ മേനി 
എത്ര പവിത്രം ശുഭ്ര നിറം 
നീ വിടരും ശുഭ വേളകളില്‍ 
എന്ത്  സുഗന്ധം സന്ധ്യയ്ക്ക്  

--------------------തീർത്ഥ

കഥ :അദ്ധ്വാനത്തിന്റെ മഹത്വം .....ഷെഫിന്‍ഗഫൂര്‍ 6A

        രാപ്പകല്‍ അദ്ധ്വാനിക്കുന്ന  ഒരു കര്‍ഷകനായിരുന്നു കേശവന്‍ .കൃഷിയെ തന്റെ മക്കളെക്കാള്‍ സ്നേഹിച്ചിരുന്നവനായിരുന്നു കേശു . ഇദ്ദേഹത്തിനു  രണ്ടു മക്കള്‍ ഉണ്ട്. രഘുവും രാമുവും . തന്നെപ്പോലെ രണ്ടു പേരും അദ്ധ്വാനിച്ചു ജീവിക്കണം എന്നായിരുന്നു കേശുവിന്റെ ആഗ്രഹം .എന്നാല്‍ മൂത്ത മകന്‍ രഘു അച്ഛന്റെ  വഴി പിന്തുടരാന്‍ ഇഷ്ടപ്പെട്ടില്ല .അതില്‍ കേശു ഏറെ സങ്കടപ്പെട്ടു .ഇളയ മകന്‍ രാമു കൃഷിയോട് താത്പര്യം പ്രകടിപ്പിക്കുകയും അദ്ധ്വാനിക്കുകയും ചെയ്തു .ജീവിതം ആഘോഷിച്ചു തീര്‍ക്കാനായിരുന്നു കേശുവിനു ഇഷ്ടം .കൃഷി ചെയ്യുന്നവരെ അയാള്‍ക്ക്‌ പുച്ഛമായിരുന്നു .
  ഒരു ദിവസം കേശു വയലില്‍ പണി എടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ  ഭാര്യ ജാനു ഓടിക്കൊണ്ട്‌ വന്നു പറഞ്ഞു ," നമ്മുടെ അലമാരയില്‍ വെച്ച പണം കാണാനില്ല ." 
" എന്ത് ഞാന്‍ ദിവസങ്ങളായി കൃഷിയിടം വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം കാണാന്‍ ഇല്ലെന്നോ? " കേശുവിനു തല ചുറ്റുന്നത്‌ പോലെ തോന്നി .അന്ന് രഘു വീട്ടില്‍ എത്തിയില്ല.അവര്‍ ഒരുപാടു തിരഞ്ഞു.രഘുവിനെ ഒരിടത്തും കണ്ടെത്താന്‍ ആയില്ല.
ദിവസങ്ങള്‍ മാസങ്ങള്‍ കടന്നു പോയി .അങ്ങനെ ഒരു ദിവസം ആരോ വാതിലില്‍ മുട്ടുന്നത് കേട്ടാണ് ജാനു വാതില്‍ തുറന്നത് .ഒരു ഭിക്ഷക്കാരന്‍ ! ആകെ മുഷിഞ്ഞു നാറിയ വേഷം.വല്ലതും കൊടുക്കാന്‍ ജാനു അകത്തേക്ക് പോയി . അവള്‍ അകത്തേക്ക് കയറുമ്പോള്‍ "അമ്മേ" എന്നൊരു വിളി .." ഞാന്‍..ഞാന്‍ രഘുവാണ്.അപ്പോഴേക്കും രാമുവും കേശുവും ജോലി കഴിഞ്ഞു വന്നു. നിങ്ങള്‍ എനിക്ക് മാപ്പ് തരൂ എന്ന് പറഞ്ഞു രഘു കേശുവിനെയും രാമുവിനെയും കെട്ടിപ്പിടിച്ചു ." മോഷ്ടിച്ച പണം കൊണ്ടു ആഘോഷിക്കാന്‍ പോയ ഞാന്‍ പണം തീര്‍ന്നതോടെ പട്ടിണിയിലായി.അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി .അദ്ധ്വാനിച്ചു ജീവിച്ചാലേ സ്വസ്ഥമായും സന്തോഷമായും ഉറങ്ങാന്‍ കഴിയൂ എന്ന് " ഇത് കേട്ടതോടെ കേശുവിനു സന്തോഷമായി.അവര്‍ എല്ലാവരും പിന്നീട് അദ്ധ്വാനിച്ചു കൃഷി ചെയ്തു ജീവിച്ചു.                                   
                                           ഷെഫിന്‍ഗഫൂര്‍ 6A