ദൈവസ്നേഹം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌----------------------------------------------------------------------....................... ശാദിയ നസ്രിൻ 6എ

പൂമ്പാറ്റേ എൻ ചങ്ങാതീ,
പാറിരസിക്കും ചങ്ങാതീ,
ചിത്രം തുന്നിയ കുപ്പായം
നെയ്തു നിനക്കിന്നാരേകീ ?

ആരും നൽകിയതല്ലല്ലോ!
ആരും നെയ്തതുമല്ലല്ലോ!!
ഞാൻ ജനിക്കുമ്പോൾ
എനിക്കു ദൈവം
കരുണയാലേകിയീ പട്ടുടുപ്പ്.
വേനലായാലും മഴയായാലും
ചേലിതൊരിക്കലും മാഞ്ഞിടില്ല.
ആരും കൊതിച്ചിടും കുഞ്ഞുടുപ്പ്
എത്ര മനോഹരമെന്നുടുപ്പ്
മങ്ങാത്ത വിങ്ങാത്ത പട്ടുടുപ്പേകിയ
ദൈവത്തെ ഞാനേറെ
സ്നേഹിക്കുന്നു.

കുരുവിയും വണ്ടും *******************************വിഷ്ണുവിജയൻ 7ഡി



വണ്ട്:  കുഞ്ഞിക്കുരുവീ ചങ്ങാതീ
      എങ്ങോട്ടേക്ക് ഗമിക്കുന്നു?
കുരുവി: പൂവുകൾ കാണാം തേൻ നുകരാം
       പൂന്തോട്ടത്തിൽ പോകുന്നു?
വണ്ട്:  പൊന്നേ,മുത്തേ തേൻ കുടമേ
      ഞാനും കൂടെ പോരട്ടേ ?
കുരുവി: നിന്നെ കൂടെ കൂട്ടാം ഞാൻ
       എന്തുതരും നീ പ്രതിഫലമായ് ?
വണ്ട്:  മൂളിപ്പാടാം കഥ പറയാം,
      ആകാശത്തിൻ കഥ പറയാം,
      അമ്പിളിമാമനിരിക്കും മേട്ടിലെ
      കേൾക്കാക്കഥകൾ പറഞ്ഞീടാം.
കുരുവി: എന്നാൽ വെക്കം പോന്നോളൂ,
       എൻ ചിറകേറിയിരുന്നോളൂ.     

ഓണം വരുമ്പോൾ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------സവ്യശ്രീ 6എ




ഓണം വന്നോണം വന്നോണം വന്നേ
തിരുവോണം വന്നല്ലോ കൂട്ടുകാരേ
പൂക്കളിറുക്കണ്ടേ പൂക്കളം തീർക്കണ്ടേ
ഓണക്കോടിയുടുത്തിടേണ്ടേ
ഊഞ്ഞാലു കെട്ടണ്ടേ പാട്ടുകൾ പാടണ്ടേ
ആടിത്തിമിർത്തുരസിച്ചിടേണ്ടേ
ഓണം വന്നോണം വന്നോണം വന്നേ
തിരുവോണം വന്നല്ലോ കൂട്ടുകാരേ

ഞങ്ങളെക്കുറിച്ച് ചൂണ്ടുവിരലിൽ

ഞങ്ങളെക്കുറിച്ച് ചൂണ്ടുവിരലിൽ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതീകാത്മക ദണ്ഡിയാത്ര


പ്രതീകാത്മക ദണ്ഡിയാത്ര

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ ദണ്ഡിയാത്രയുടെ പുനരാവിഷ്ക്കരിച്ചു. യാത്ര ബി.പി.ഒ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സർവ്വശ്രീ എൻ.കെ.കാളിയത്ത്,സി.കെ.കുഞ്ഞമ്മദ്.,പി.റ്റി.എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കാക്കുനി ഭജനമഠത്തിന് സമീപത്ത് നിന്നു തുടങ്ങിയ യാത്ര തീക്കുനിയിൽ സമാപിച്ചു.വഴിനീളെ കുട്ടികൾ യാത്രയ്ക്ക് സ്വീകരണം നൽകി.ആകർഷകമായ യാത്ര കാണാൻ വഴിയിൽ സ്ത്രീകളും കുട്ടികളും കാത്തുനിൽ‌പ്പുണ്ടായിരുന്നു.

സ്വാതന്ത്ര്യദിനാശംസകൾ

എല്ലാ സന്ദർശകർക്കും സ്വാതന്ത്ര്യദിനാശംസകൾ “ സ്വാതന്ത്ര്യം തന്നെയമ്ര്യുതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മ്ര്യുതിയേക്കാൾ ഭയാനകം”

മീഡിയമില്ലാത്ത ക്ലാസിന് ഒരു ഗുരുദക്ഷിണ


മീഡിയമില്ലാത്ത ക്ലാസിന് ഒരു ഗുരുദക്ഷിണ

 അവളുടെപേർ അന്നപൂരണിയെന്നാണ്. ഞങ്ങളുടെസ്കൂളിൽ കഴിഞ്ഞ വർഷം വന്നതാണവൾ.. ആറാം ക്ലാസിൽ ചേർന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ല. കുട്ടികൾക്കെല്ലാം കൌതുകമായിരുന്നു ആ കറുത്ത ചുരുളമുടിക്കാരി . മറ്റുള്ളവർ മനസ്സിലാക്കുന്നുണ്ടോ എന്നു നോക്കാതെ അവൾ തുരുതുരാ സംസാരിക്കുന്നത് തമിഴ്ഭാഷ . ഒരു അന്യഗ്രഹജീവിയോടെന്നപോലെയായിരുന്നു കുട്ടികൾ അവളൊട് പെരുമാറിയിരുന്നത്. മലയാളം ക്ലാസിൽ അവൾ ഒരു കീറാമുട്ടിയായിരുന്നു. അവളെ അവഗണിക്കാൻ ഒട്ട് കഴിഞ്ഞിരുന്നുമില്ല. സംശയങ്ങളുടെ ഒരു ഭാണ്ഡം തന്നെ ആയിരുന്നു അവൾ. ചോദിക്കാതെ തന്നെ ഒരുപാട് കാര്യങ്ങൾ പറയും. അല്ലെങ്കിലും എങ്ങനെ ചോദിക്കാൻ? അതുകൊണ്ടായിരിക്കാം റേഡിയോ പോലെ അവൾ അങ്ങനെ പറഞ്ഞു കൊണ്ടിരുന്നത്. അവളുടെ നാട്ടിലെ, വീട്ടിലെ, സ്കൂളിലെ പല പല വിശേഷങ്ങൾ ആണ് പറയുന്നതെന്ന് പിന്നീട് മനസ്സിലായി. ഒന്നുകിൽ അവൾ മലയാളം പഠിക്കും, അല്ലെങ്കിൽ ഞങ്ങളെ തമിഴ് പഠിപ്പിക്കും എന്ന മട്ടിൽ ആണ് കാര്യങ്ങൾ പോകുന്നത്. പിന്നെപ്പിന്നെ അവൾ പറയുന്നത് മനസ്സിലാകാതെ വരുമ്പോൾ മറ്റുകുട്ടികൾ ട്രാൻസിലേറ്റ് ചെയ്തു തരാൻ തുട്ങ്ങി. അവൾക്ക് ഒരു “പുള്ളൈ തമ്പി ഇരുന്താച്ച്“ എന്നും അവൻ കഴിഞ്ഞകൊല്ലം “എരന്ത് പോച്ച്” എന്നും അങ്ങനെ മനസ്സിലായതാണ്. അല്പസ്വല്പം ആശയവിനിമയം ഞങ്ങൾ തമ്മിൽ തുടങ്ങിയപ്പോൾ ഒരു ശ്രമം മലയാളം പഠിപ്പിക്കാൻ നോക്കാം എന്നു തോന്നി. അങ്ങനെ ചില വാക്കുകൾ ഒക്കെ എഴുതി കൊടുത്തു. ആദ്യം അവളുടെ പേരു തന്നെ. പിന്നീട് അച്ഛൻ, അമ്മ തുടങ്ങിയവരുടെ പേരുകൾ. പുതിയ വാക്കുകളും അതിന്റെ ചിത്രവും വരച്ചു കൊടുക്കുന്ന രീതിയാണ് സ്വീകരിച്ചത്. ചില വാക്കുകൾ പഠിപ്പിക്കാൻ സ്വല്പം തമിഴും പിന്നെ ഇംഗ്ലീഷും ഒക്കെ ഉപയോഗിച്ചു. പിന്നെ മറ്റു കുട്ടികൾ അഭിനയിച്ചും “പൊട്ടൻ കളിച്ചും” മനസ്സിലാക്കിച്ച് കൊടുത്തു. ക്രമേണ അവൾ കാര്യങ്ങൾ ഗ്രഹിക്കാൻ തുടങ്ങി. നോട്ട് കാണിക്കാനും വായിക്കാനുമൊക്കെ പിന്നീട് വലിയ ആവേശമായിരുന്നു. ഒരു വ്യത്യാസം അവൾക്ക് എല്ലാറ്റിനും “ശരി” ഇട്ടു കൊടുക്കണമായിരുന്നു എന്നതാണ്. “ ശരി പോട്ര് ങ്കോ“ എന്ന് പറയുമായിരുന്നു. അവളിപ്പോൾ ശരിക്കും ഒരു മലയാളികുട്ടി ആയിക്കൊണ്ടിരിക്കുന്നു. ദിവസവും കുളിക്കില്ല എന്നതൊഴിച്ചാൽ.
   അങ്ങനെ ഇരിക്കുന്ന സമയത്താണ് ഞങ്ങളുടെ സ്കൂളിലെ വിജയൻ മാഷുടെ മകൾക്ക് ചെന്നൈയിൽ ബി ബി എ ക്ക് അഡ്മിഷൻ കിട്ടുന്നത്. അഡ്മിഷൻ കാർഡ് വന്നു. പക്ഷെ ഒരു പ്രശ്നം. അതിൽ തമിഴ് അല്ലാതെ ഒറ്റവാക്ക് പോലുമില്ല. ഇതെന്തു ചെയ്യും എന്നത് ഒരു ചോദ്യമായി. ഏതെങ്കിലും തമിഴനെ കണ്ടു പിടിക്കണം.. പെട്ടന്ന് എനിക്ക് ഒരു യുക്തി തോന്നി..ഞാൻ വിജയൻ മാഷോട് പറഞ്ഞു” നിങ്ങൾ അന്നപൂരണീയെ വിളിക്ക്”.  “ഓ ശരിയാ അവളോട് പറയാം” വിജയൻ മാഷക്ക് ആശ്വാസമായി . അന്നപൂരണി അത് തമിഴിൽ വായിച്ച് മലയാളത്തിൽ വിവർത്തനം ചെയ്ത് കൊടുത്തു. കാര്യം നടന്നതിനേക്കാൾ അവൾ ഒരു ദ്വിഭാഷി ആയതിലുള്ള അഭിമാനമായിരുന്നു ഞങ്ങൾക്ക്. ദ്വിഭാഷി ഗമയിൽ ചിരിച്ച് കൊണ്ട് ക്ലാസിലേക്ക് നടന്നുപോയി.

ഓണം വന്നല്ലോ______മുഹ്സിനത് സാഫിയ 7A


ഓണം വന്നല്ലോ ഓണപ്പൂത്തുമ്പീ,
പൂക്കളിറുത്തീടാം വായോ തേൻ തുമ്പീ.
പൂവിളി വേണം ഊഞ്ഞാൽ വേണം,
ഓണപ്പാട്ടുകൾ വേണം.
പുത്തരി വേണം പായസം വേണം,
സദ്യയൊരുക്കീടേണം.
                                ഓണം വന്നല്ലോ.........
മുറ്റം മെഴുകാം പൂക്കളം തീർക്കാം,
കോടിപ്പുടവയണിഞ്ഞീടാം,
മോടിയിലാടിപ്പാടീടാം,
വായൊ പൂത്തുമ്പീ.
                               ഓണം വന്നല്ലോ................
മാബലി മന്നനെയോർക്കും,
മലനാട്ടിൽ ഓണാഘോഷം.
മാനുഷരൊന്നായ് ചേരും,
വാസന്തോത്സവകാലം.
                               ഓണം വന്നല്ലോ ..............
പണ്ടു മഹാബലി വാണൊരുകാലം,
ഓർക്കാം ഓർമ്മ പുതുക്കീടാം.
സമഭാവനയിൽ പ്രജകൾ കഴിഞ്ഞൊരു,
സദ്ഭരണത്തിൻ സ്മരണയുണർത്താം. 
                                ഓണം വന്നല്ലോ....................
                                  
                         ___________   മുഹ്സിനത് സാഫിയ   7A

ഹിരോഷിമ ദിനാചരണം.സ്കൂളിൽ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ നിർമ്മിച്ചത് ആകര്‍ഷകമായ കാഴ്ച്ചയായിരുന്നു. ________ശേഖരണം: വിഷ്ണുവിജയൻ 7ഡി

ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ്ഉപയോഗിച്ചത് പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്                                                                                                                                                                             

1589 സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതൽ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.
ബോംബു വീണിട്ട് 66 വര്‍ഷം തികയുന്നു. അന്താരാഷ്ട്ര ഹിരോഷിമ ദിനം  സോഷ്യല്‍ സയന്‍സ് ക്ലബ്  ആചരിച്ചു. സ്കൂളിൽ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ നിർമ്മിച്ചത്  ആകര്‍ഷകമായ കാഴ്ച്ചയായിരുന്നു.                           --------------------------------------------------ശേഖരണം: വിഷ്ണുവിജയൻ 7ഡി കൂടുതൽ ചിത്രം വീഡിയൊ പേജ് ഹിരോഷിമ ദിനം ക്ലിക്ക് ചെയ്യുക

“ഒപ്പം ഉണ്ട് കേരളം“ __ടി.പി കലാധരന്‍

(ഈ പോസ്റ്റ്‌ ശ്രീ ടി.പി കലാധരന്‍ സാര്‍ ബ്ലോഗിലേക്ക് എഴുതിയ അഭിപ്രായമാണ് . പ്രസ്തുത പോസ്റ്റിലെ അഭിപ്രായം വായിക്കുന്നവരെ അത് കാണൂ . എല്ലാവരും വായിക്കേണ്ടതാണ് എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. കലാധരന്‍ സാര്‍ ക്ഷമിക്കുമല്ലോ ?  കലാധരന്‍ സാറിന്റെ ബ്ലോഗിലേക്ക്  ഇവിടെക്ലിക്ക് ചെയ്യുക പള്ളിക്കൂടം യാത്രകൾ  , ചൂണ്ടുവിരൽ,സ്കൂൾ വാർത്തകൾ,വിദ്യാലയ ശാക്തീകരണം.കോം,   വഴികാഴ്ചകൾ ,കടൽ സന്ധ്യ


                                                                    സ്കൂളിന്റെ  ഉദ്യമം ആവേശം പകരുന്നു.ഞാന്‍  അതീവ സന്തുഷ്ടനാണ്.
കാരണം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്കൂൾ.
അവിടെ കുട്ടികളെ എഴുത്തുകാരാക്കി മാറ്റുന്നു.
കുട്ടികളുടെ രചനകൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അതിന്റെ മൂല്യം കണ്ടെത്തി ലോകവുമായി പങ്കിടുന്നു.
നാടിന്റെ പലഭാഗങ്ങളിലും ഉള്ളവർ ഈ സ്കൂൾ ബ്ലോഗ് സന്ദർശിക്കുന്നു.
കുട്ടികൾക്ക് അനുമോദനങ്ങൾ.
പോരേ, കുട്ടികളായത് കൊണ്ടാണോ ഈ അനുമോദനം? അല്ല അവരുടെ എഴുത്തിന്റെ വലിപ്പം കൊണ്ട് കൂടിയാണ്.
ആറാം ക്ലാസിലെ ( എ ഡിവിഷൻ ) എഴുത്തുകാരെ മാത്രം ഞാൻ ഉദാഹരിക്കുന്നു. (മറ്റു ക്ലാസുകാര് പിണങ്ങരുതേ )
"നൃത്തം ചെയ്യും മാമ്പഴമെല്ലാം
അഴകില് തൂങ്ങി കാണുമ്പോൾ
കൊതിയൂറുന്നെന്നകതാരിൽ." (അശ്വതി ) കവിതയുടെ താളം, വാക്കുകളുടെ ചേരുവ ഇവ കവിതയെ ആകർഷകമാക്കുന്നു. മാമ്പഴക്കൊതി ആർക്കാണ് .ഏതു പ്രായത്തിലാണ് ഇല്ലാത്തത്.?


അനർഘ ദരിദ്രനായ വൃദ്ധനെയാണ് കാട്ടിത്തരുന്നത്.
ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരാളെ സന്തോഷ നിമിഷങ്ങളിൽ കാണുക എന്നത് നല്ല കാര്യം. ഇവിടെ വളരെ ഒതുക്കത്തോടെ ആനന്ദത്തിൻ നദി ഒഴുകി എന്ന് പറഞ്ഞു കവിത അവസാനിപ്പിക്കുമ്പോൾ വായനക്കാർക്കും നദീസ്നാന നിർവൃതി. ആ വരികള് നോക്കൂ.
"അകലെ നിന്നൊരു കുഞ്ഞപ്പോൾ
വയസ്സനെ നോക്കി ചിരിതൂകി
പാവമയാളുടെ ഹൃദയത്തിൽ
ആനന്ദത്തിൻ നദിയൊഴുകി"


താമരപ്പെണ്ണിന്റെ പിറന്നാൾ ദിനം എങ്ങനെ ഉള്ളതായിരിക്കുമെന്നതാണ് സയന ഭാവനയിൽ കണ്ടത്. ആരും കൊതിക്കുന്ന ചേലൊത്ത സുന്ദരി-അവളെ കാണാൻ ആരെല്ലാം വന്നു കാണും.? ആ സന്തോഷം എങ്ങനെ പ്രവർത്തിച്ചിരിക്കും? കവി അവ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു.


"താമരക്കുഞ്ഞിന്റെ തളിരിതളിൽ
പൂമ്പാറ്റ വന്നൊരു മുത്തമിട്ടു"


ശരിക്കും പിറന്നാൾ മധുരം ഉള്ള ര ചന.
അശ്വതി വെള്ളയുടുപ്പിട്ട കോഴിക്കുഞ്ഞേ എന്നു തുടങ്ങുന്നു.


“കൂരിരുട്ടാണെങ്ങും ഓര്മ്മ വേണം
കാലമിതു കള്ളക്കർക്കിടകം“.
ഇതു വായിച്ചപ്പോൾ കടമ്മനിട്ട എഴുതിയ വരികൾ ഓർമ്മ വന്നു.
പഴയ ഒരു പാട്ടുണ്ട്.അതു പങ്കിടാം.


“ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട്
കൈതപ്പോത്ത്തിൽ വെച്ചിട്ടുണ്ട്
അപ്പം തന്നാൽ ഇപ്പം പാടാം
ചക്കര തന്നാൽ പിന്നേം പാടാം“


ഇവിടെ പാട്ട് മധുരമുള്ളതായതിനാൾ ചക്കര പകരം ചോദിക്കുകയാണ്.
സവ്യശ്രീ അണ്ണാരക്കണ്ണനോട് പറയുന്നു ഒരു കൊച്ചു മാമ്പഴം തന്നാല് പകരം മധുരമുള്ള പാട്ട് നല്കാം എന്ന്.
പാട്ടിന്റെ മധുരം = മാമ്പഴത്തിന്റെ മധുരം. കൊള്ളാം!
സഫ്ന കവിത കുഞ്ഞാടിന് നല്കി.
ഏഴ് കുഞ്ഞെഴുത്തുകാരുടെ രചനകൾ.
ഇനിയും കൂടുതൽ എഴുത്തുകാർ പ്രത്യക്ഷപ്പെടും.
സ്കൂൾ എഴുത്ത് കൂട്ടത്തിനു മികച്ച മാതൃക.
പൊതുവിദ്യാലയങ്ങൾ ബ്ലോഗെഴുത്തുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ അതു ഒരു ചരിത്രം സൃഷ്ടിക്കലാണ്.
ഒപ്പം ഉണ്ട് കേരളം എന്നു പറയാൻ ആഗ്രഹിക്കുന്നു.                        
                                                         ടി.പി കലാധരന്‍ 

സ്വാതന്ത്ര്യം_____നഫ്‌ല മുഹമ്മദ്‌ .പി . 6A

അത്തിമരത്തിൽ ചാഞ്ചാടും
തത്തപ്പെണ്ണേ പോരാമോ?
പവിഴക്കൂട്ടിന്നുള്ളിൽ ഞാൻ
പട്ടുകിടക്ക വിരിച്ചു തരാം.
തങ്കത്തളിക നിറച്ചും ഞാൻ
പാലും പഴവും തന്നീടാം,
പച്ചയുടുപ്പിൻ മേലെഞാൻ
ചോപ്പുടയാടകൾ അണിയിക്കാം.
പോരൂ പോരൂ ചങ്ങാതീ
പലപല കേളികളാടീടാം.

ഒന്നുരിയാടാതെന്തേ നീ
ഞാൻ ചോദിച്ചതു കേട്ടില്ലേ?
അത്തിമരം വിട്ടെന്നുടെ കൂട്ടിന്
വന്നില്ലെങ്കിൽ വേണ്ടില്ല.
വാനിൽ ചിറകുവിരുത്തിപ്പാറും
നിന്നിഷ്ടം നിൻസ്വാതന്ത്ര്യം.
                    നഫ്‌ല മുഹമ്മദ്‌ .പി . 6A

തേന്മാവിനോട് ______അശ്വതി.കെ.കെ 6എ


ചക്കര മാവേ തേന്മാവേ
മാമ്പഴമൊന്ന് തരാമോ നീ
നിൻ ശിഖരത്തിലണിഞ്ഞ പഴങ്ങൾ
താഴെ വീഴ്ത്തി തരികില്ലേ?

മഞ്ഞ നിറത്തിൽ ചോപ്പുനിറത്തിൽ
നൃത്തം ചെയ്യും മാമ്പഴമെല്ലാം
അഴകിൽ തൂങ്ങി കാണുമ്പോൾ
കൊതിയൂറുന്നെന്നകതാരിൽ.

കാറ്റേ വരു നീ തേന്മാവിൽ
മാമ്പഴമൊന്നു പറിച്ചുതരൂ
മാവിൻ ചോട്ടിൽ കളിയാടാം
ഒന്നിങ്ങണയൂ പൂങ്കാറ്റേ

            അശ്വതി.കെ.കെ  6എ 

പാവം ഹൃദയം______അനർഘ. 6എ


കടവക്കത്തൊരപ്പൂപ്പൻ
പട്ടിണികൊണ്ടു വലഞ്ഞല്ലോ
തണുപ്പുകൊണ്ടാ പാവം വൃദ്ധൻ
വിറച്ചു കൊണ്ടു കിടക്കുന്നു

അദ്ദേഹത്തിനു ഭക്ഷിക്കാൻ
ഭക്ഷണമാരും നൽകീല
വിശപ്പുകൊണ്ടാ പാവം മർത്ത്യൻ
മരണത്തിൻ പടിവാതിൽക്കൽ

പെട്ടന്നാരോ അദ്ദേഹത്തിന്
പഴങ്ങൾ കൊണ്ടുകൊടുത്തല്ലൊ
ആർത്തിയിൽ മുഴുവൻ ഭക്ഷിച്ചപ്പോൾ
ആരാരേയും കണ്ടീല

അകലെ നിന്നൊരു കുഞ്ഞപ്പോൾ
വയസ്സനെ നോക്കി ചിരിതൂകി
പാവമയാളുടെ ഹൃദയത്തിൽ
ആനന്ദത്തിൻ നദിയൊഴുകി

             അനർഘ. 6എ 

പൂവാലനണ്ണാനോട്‌‌‌‌‌‌‌‌‌----------സവ്യശ്രീ.എം. 6എ


ഒരു കൊച്ചുമാമ്പഴം താഴെയിടൂ
കനിവുള്ള പൂവാലനണ്ണാനേ
പകരമായ് നാളെ ഞാൻ വന്നിടുമ്പോൾ
മധുരമായ് ഒരു പാട്ട് പാടിത്തരാം.

ഒരുപാട്നേരമായ് ഞാനിവിടെ
അഴകുള്ളൊരണ്ണാരക്കണ്ണനല്ലേ
അരുമക്കിടാവാണ് നീയെനിക്ക്
ഒരു നല്ല മാമ്പഴം തരികയില്ലേ?

ഉച്ചയ്ക്ക് കാറ്റൊന്നടിച്ചനേരം
തുരുതുരെ മാമ്പഴം വീണതാണ്
അവയൊക്കെ പിള്ളാര് കൊണ്ടു പോയി
ഒറ്റയൊരെണ്ണവും കിട്ടിയില്ല.
             
          സവ്യശ്രീ.എം.  6എ

ജന്മദിനം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------സയന 6എ


കൊച്ചുകുളത്തിൽ താമര പൂത്തു
ഒപ്പം കൂട്ടുകാർ പൂത്തുണർന്നു
ഇന്നാണല്ലോ ജന്മദിനം
താമരപ്പെണ്ണ് പിറന്നദിനം.

എന്തൊരു ചേലാണവളെന്നോ
ആരും കൊതിക്കുന്ന സുന്ദരിയാൾ
പൂത്തുമ്പികളും വണ്ടുകളും
കുഞ്ഞിനെ കാണാൻ വരവായി.

തവളച്ചാരും ഞണ്ടുകളും
ആടിപ്പാടി തരികിടതോം
മീനുകളും നീർക്കോലികളും
നീറ്റിൽ നീന്തി രസിക്കുന്നു.

താമരക്കുഞ്ഞിന്റെ തലിരിതളിൽ
പൂമ്പാറ്റ വന്നൊരു മുത്തമിട്ടു
കൊച്ചുകുളത്തിൽ കുഞ്ഞുപിറന്നതിൽ
എല്ലാവർക്കും സന്തോഷം


കുഞ്ഞാട്____സഫ്ന അബ്ദുല്‍ കരീം 6A


വീട്ടിലുണ്ടൊരു കുഞ്ഞാട്
കിങ്ങിണികെട്ടിയ കുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
പുള്ളിയുടുപ്പുള്ളവളാണ്.

തള്ളയ്ക്കൊപ്പമുറങ്ങീടും
തള്ളഎണീറ്റാൽ എഴുനേൽക്കും
തള്ളയ്ക്കൊപ്പം മേഞ്ഞീടും
തള്ളയോടൊപ്പം കളിയാടും.

ഓമനയാണീ കുഞ്ഞാട്
സുന്ദരിയായൊരു കുഞ്ഞാട്
അമ്മ വിളിച്ചതു കേട്ടെന്നാൽ
ഓടി വരുന്നൊരു കുഞ്ഞാട്.

കൂട്ടിൻ മുകളിൽ കേറീടും
കുസ്യുതിത്തരമുള്ളവളാണ്
ഓടിച്ചാടും നേരത്ത്
വീണതു കണ്ടോ മുറ്റത്ത്.
                                സഫ്ന അബ്ദുല്‍ കരീം 6A

കള്ളക്കർക്കിടകം______അശ്വതി.കെ.കെ 6A


വെള്ളയുടുപ്പിട്ട കോഴിക്കുഞ്ഞേ
നിന്നെ കാണുവാൻ എന്തു ഭംഗി
പാൽ നുര പോലുള്ള നിന്റെ മേനി
നനയാതിരിക്കുവാൻ ശ്രദ്ധ വേണേ

ഒറ്റയ്ക്ക് മുറ്റത്തിറങ്ങിടൊല്ലേ
കാക്കക്കറുമ്പൻ കറങ്ങിടുന്നൂ
തള്ളയില്ലാതെ പുറത്തു പോയാൽ
റാഞ്ചുവാൻ കള്ളപരുന്തെത്തിടും

സൂക്ഷിച്ചു പോകണേ തൊടിയിലൊക്കെ
കുറുനരി വന്നാൽ കടിച്ചു തിന്നും
കൂരിരുട്ടാണെങ്ങും ഓര്‍മ്മ വേണം 
കാലമിതു കള്ളക്കർക്കിടകം.

              അശ്വതി.കെ.കെ

പൂമുഖത്തിനു പിന്നിലെ പൊയ്മുഖം__________________ കൊച്ചുണ്ണി

പൂമുഖം..മനോഹരമായ പേര്..പൂമുഖത്തിനു മുൻപിൽ  (പിന്നിൽ)  ഒരു പൊയ്മുഖമുണ്ടെന്ന് പറഞ്ഞാൽ പെട്ടന്ന് ആർക്കും ഒന്നും മനസ്സിലാവില്ല.  എന്നാൽ പൂമുഖത്തുകാർക്ക് മനസ്സിലാകും. പൂമുഖത്തിന്റെ പൊയ്മുഖം വലിച്ച് കീറിയതിന് പിന്നിൽ ഒരു കഥയുണ്ട്. സംഭവം വർഷങ്ങൾക്ക് മുമ്പാണ്. പൂമുഖം ഉൾപ്പെടുന്ന വേളം പഞ്ചായത്ത് തീർത്തും അവികസിതമായിരുന്ന കാലം. വേളത്ത് അന്ന് ചികിത്സാ സൌകര്യങ്ങളൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അത്യാവശ്യ ഘട്ടങ്ങളിൽ കുറ്റിയാടിയോ വടകരയോ പോകുകയായിരുന്നു പതിവ്. അപ്പോഴാണ് അവതാര തുല്യനായി ഒരു ഡോക്റ്റർ വേളത്ത് എത്തുന്നത്. അദ്ദേഹത്തെ വേളത്തുകാർ തങ്ങളുടെ സ്വന്തം ഡോക്റ്ററായി സ്വീകരിച്ചു. പൂമുഖത്തായിരുന്നു ഡോക്റ്റർ തന്റെ ക്ലിനിക് തുടങ്ങിയത്. ക്ല്നിക്കിന്റെ ഉൽഘാടനം നടത്തണം. നൊട്ടീസ് ,പോസ്റ്റർ, ബോർഡ് എന്നിവ വേണമല്ലോ.. നൊട്ടീസിന് വേണ്ട ഡ്രാഫ്റ്റ് തയ്യാറാക്കുമ്പോൾ ആണ് ശ്രദ്ധിച്ചത്. “എന്താ സ്ഥലത്തിന്റെ പേര് ?  “പൊയ്യോത്തില്”.  “പൊയ്യോത്തിലോ?” അതെ, “പൊയ്യോം” “പൊത്തിലോ, പോത്തിലോ എവിടെയായാലും ഈ പേർ നമുക്ക് വേണ്ട“..ഡോക്റ്റർ ഒരു പട്ടണവാസിയാണേ..അദ്ദേഹത്തിന് ഈ പേർ തീരെ പിടിച്ചില്ല. “നാലാളോട് പറയാൻ കൊള്ളാവുന്ന വല്ല പേരും വേണം“. എന്നാൽ “പൊയ്മുഖം” എന്നാക്കിയാലോ“?  ചോദിച്ചത് സ്ഥലത്തെ പ്രധാന ദിവ്യനായ , അന്നു വരെ വേളത്തുകാർക്ക് ചികിത്സയരുളിയ, കണ്ടാൽ താക്കോല് പോലെയിരിക്കുന്ന ഹോമിയോ ഡോക്റ്ററാണ്.. പൊയ്മുഖം എന്നതിന്റെ തത്ഭവമാണ് പൊയ്യോം. “പൊയ്മുഖം“ എന്നത് ഉപയോഗപഴക്കം കൊണ്ട് “പൊയ്യൊം“ എന്നായതാണെന്ന് ഹോമിയോ ഡോക്റ്റർ തന്റെ ചരിത്രാവബോധം  പ്രകാശിപ്പിച്ചു. അവിടെ പണ്ടു തെയ്യക്കോലം കെട്ടുന്ന ഒരു പുരയുണ്ടായിരുന്നെന്നും,തെയ്യത്തിന് പൊയ്മുഖം കെട്ടുന്ന സ്ഥലത്തിന് “ പൊയ്മുഖം” എന്ന് പേർ വന്നതാണെന്നും “ “ഹോമിയൊപ്പൊതി” വിശദീകരിച്ചു. ( ഹോമിയൊ ഡൊക്റ്ററെ നാട്ടുകാർ സ്നേഹത്തോടെ “ഹോമിയോ“പ്പൊതി“ എന്നായിരുന്നു വിളിച്ചിരുന്നത്. ഹോമിയോ മരുന്ന് “പൊതി“ യായിട്ടായിരുന്നല്ലോ പണ്ട് കൊടുത്തിരുന്നത്.) “പൊയ്മുഖം എന്ന് വേണ്ട“.ഡോക്റ്റർ തീർത്തു പറഞ്ഞു. “പൊയ്മുഖം” എന്നാൽ മുഖമൂടി എന്നാണ് അർഥം..നമുക്കെന്തിനാ ഒരു മുഖമൂടി. നമുക്ക് പുതിയ ഒരു പേര് കണ്ടെത്താം. ‘പൂമുഖമെന്നാക്കിയാലൊ?‘ ഒരു സഹൃദയന്റെ നിര്‍ദ്ദേശം.  “അതെ പൂമുഖം എന്ന് തന്നെ മതി“ .തീരുമാനം ഏക സ്വരത്തില്‍ ആയിരുന്നു. അങ്ങനെ പോയ്യോത്തിന് ഒരു നല്ല പേരുകിട്ടി, പൂമുഖം. തമാശ നടന്നത് പിന്നീടാണ്.  പൂമുഖം എന്ന പേര്‍ എല്ലാവരും അംഗീകരിച്ചു. എഴുതാനും വായിക്കാനും സുഖം.  തൊട്ടടുത്ത അങ്ങാടിയാണ് തീക്കുനി.  അടുത്ത പ്രഭാതത്തില്‍ തീക്കുനിക്കാര്‍ കണ്ടത് അങ്ങാടിയിലെ എല്ലാ ബോര്‍ഡുകളിലെയും  " തീക്കുനി" എന്ന പേര്‍ കരിയോയില്‍ കൊണ്ടു മായ്ക്കപെട്ടിരിക്കുന്നു ..പകരം "പൂക്കുനി " എന്ന് എഴുതി ചേര്‍ത്തിരിക്കുന്നു.  രാത്രിയില്‍, പൂമുഖം എന്ന പേര്‍ കേട്ട് അസൂയ്യ മൂത്ത ആരോ ഒപ്പിച്ച വേലയായിരുന്നു അത് .
                                                                                        ______________കൊച്ചുണ്ണി

ഉദ്യാനം___________മുഹ്സിനത് സാഫിയ 7A

ഉദ്യാനത്തിലെ ചെടികള്‍ പൂത്തു
ആഹ്ലാദം കൊണ്ടു ഞാന്‍ മതി മറന്നു .
തേന്‍മലര്‍ കൂട്ടങ്ങള്‍ പുഞ്ചിരിക്കും 
പൂന്തോട്ടം കാണാന്‍ ഇതെന്തു ഭംഗി .

സൂര്യനെ സ്നേഹിച്ച സൂര്യകാന്തി 
സൌരഭ്യമേകിടും കുടമുല്ലയും 
നമ്ര മുഖിയായ ശംഖു പുഷ്പം 
ആരാമം സ്വര്‍ഗമായ് തീര്‍ത്തിടുന്നു 

വണ്ടുകള്‍ പാറി പറന്നിടുന്നു
പൂന്തേന്‍ നുകര്‍ന്ന് രസിച്ചിടുന്നു 
ചിത്ര ശലഭവും തേനീച്ചയും 
കൂട്ടിനായ് പാറി വരികയായി .

                                         ഉദ്യാനം___________മുഹ്സിനത് സാഫിയ 7A

പുളകമഴ_____നവനീത് ക്യഷ്ണൻ. 6 ബി


ഴമഴമഴമഴ പെയ്യുന്നു
പുതുമഴ പെരുമഴ പെയ്യുന്നു.
മിന്നൽ പിണരുകൾ പായുന്നു
മാനത്തിടികൾ മുഴങ്ങുന്നു.

പാടവരമ്പിൽ തവളക്കുട്ടൻ
ഉല്ലാസത്താൽചാടുന്നു,
ആനന്ദത്താൽ തോട്ടിലെ
നീറ്റിൽ മീൻ കുഞ്ഞുങ്ങൾ പുളയ്ക്കുന്നു.

കുളവക്കത്തെ വ്യുക്ഷക്കൊമ്പിൽ
പൊന്മകൾ കാവലിരിക്കുന്നു,
വയലിൽ കൊറ്റികൾ
ഒറ്റക്കാലിൽ യോഗഭ്യാസം ചെയ്യുന്നു.

തോടും പുഴയും വഴിയും വയലും
വെള്ളം വെള്ളം സർവത്ര,
കുട്ടികൾ ആർപ്പുവിളിക്കുന്നു
കളിവള്ളങ്ങൾ ഇറക്കുന്നു.

നറുമഴ തൂമഴ തുമ്പമഴ
പൊന്മഴ പാൽമഴ പവിഴമഴ,
പെരുമഴ തേന്മഴ തക്രുതിമഴ
പിള്ളേർക്കെല്ലാം പുളകമഴ

                                  നവനീത് ക്യഷ്ണൻ. 6 ബി