ഞാന്‍ ഒരു തീക്കുനിക്കാരനാണ് , പവിത്രന്‍ തീക്കുനിയെ ആര്‍ക്കും പരിചയപ്പെടുത്തണ്ട എന്നു കരുതുന്നു.
തന്റെ 32 വയസ്സിന്റെ ജീവിതാനുഭവങ്ങള്‍ 10 ആയുസ്സിലേക്കു കവിത പകരും എന്നു പറഞ്ഞ കവി, ജീവിക്കാനായി ആയഞ്ചേരി മാര്‍ക്കറ്റില്‍ പച്ചമീന്‍ വില്‍ക്കുന്ന പവിത്രേട്ടന്‍, കണ്ടിട്ടുണ്ടു ഒരുപാട് തവണ, എന്നെ അറിയാം, കണ്ടാല്‍ ഒരു പക്ഷെ തിരിച്ചറിയില്ല. കാരണം ഞാന്‍ എന്നോ ഉപരിപടനം, ഉദ്യോഗം എന്നു പറഞ്ഞു ആ നാട്ടില്‍ നിന്നും അകന്നു..
തീക്കുനിക്കാര്‍ക്കു പവിത്രേട്ടനെക്കാള്‍ പരിചയം പവിത്രേട്ടന്റെ അച്ചന്‍ കുഞ്ഞിരാമേട്ടനെ ആണ് . ശില പോലെ പ്രത്യേക പോസില്‍ നിന്നു ഭിക്ഷാടനം ചെയ്യുന്ന കുഞ്ഞിരാമേട്ടന്‍, അതും ആവശ്യം ഉണ്ടെങ്കില്‍ മാത്രം. കുഞ്ഞിരാമേട്ടനു പരിചയമുള്ള ഒരേ ഒരു നാണയം പത്തു പൈസ മാത്രമാണോ എന്നു ഞാന്‍ അതിശയപ്പെട്ടിട്ടുണ്ട് . ഞാന്‍ മൂന്നാം ക്ലാസില്‍ ചേരാപുരം യു പി സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഇക്കാലം വരെയും കുഞ്ഞിരാമേട്ടന്‍ എല്ലാരോടും ചോദിക്കുന്നതു ഒരേ ഒരു കാര്യമാണു.. "പത്തു പൈസ തര്വോ ?". ഒരിക്കല്‍ ജയന്തി ബസ്സിന്റെ ഡ്രൈവര്‍ രാജേട്ടന്‍ ഒരു 5 രൂപാ നോട്ടു നീട്ടിയപ്പോള്‍ ഞെട്ടിത്തരിച്ചു കൈ പുറകോട്ടു വലിച്ചു കുഞ്ഞിരാമേട്ടന്‍ നടന്നകന്നതു എനിക്കോര്‍മയുണ്ട് .
ജട പിടിച്ച മുടി വെറുതെ പിരിച്ചു കൊണ്ടിരിക്കുക കുഞ്ഞിരാമേട്ടന്റെ ശീലമാണു, ഒരു നാള്‍ രാവിലെ സ്കൂളില്‍ പോകും വഴി തല മൊട്ടയടിച്ച കുഞ്ഞിരാമേട്ടനെ ഞാന്‍ കണ്ടു. അന്നു കൂടെ പഠിക്കുന്ന രാജേഷ് പറഞ്ഞു, ഇന്നലെ വൈകുന്നേരം പവിത്രേട്ടന്‍ കുഞ്ഞിരാമേട്ടനെ കുളിപ്പിച്ചു , ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി എന്നൊക്കെ. ശരിക്കും അന്നാണു പവിത്രേട്ടന്‍ എന്ന ആളെ പറ്റി ഞാന്‍ കേള്‍ക്കുന്നത് .
പവിത്രേട്ടനെപ്പറ്റിയും കുഞ്ഞിരാമേട്ടനെപറ്റിയും തീക്കുനിയെപ്പറ്റിയും പറയാന്‍ ഒരുപാടുണ്ട്. അയ്യപ്പപണിക്കല്‍ പറഞ്ഞതു പൊലെ,'പവിത്രന്റെ മനസ്സിലും കവിതയിലും തീ ഉണ്ട് , എന്നാല്‍ അതു ആളിപ്പടരുന്നില്ല ജ്വലിക്കുന്നതേ ഉള്ളൂ.'കുഞ്ഞിരാമേട്ടനെ പറ്റി ഒരു കവിതയില്‍ പവിത്രേട്ടന്‍ പരാമര്‍ശിക്കുന്നുണ്ട്, 'മുല്ലപ്പൂ മണമുള്ള സ്ത്രീ(പവിത്രേട്ടന്റെ അമ്മ) തരുന്ന ചുരുട്ടിയ നോട്ടുകളെക്കാള്‍ തനിക്കിഷ്ടം മുഷിഞ്ഞ കീശയിലെ അഴുക്കു പുരണ്ട നാണയത്തുട്ടുകള്‍ ആണ് '.
ഇതിന്റെ ശീര്‍ഷകം എന്താ ഇങ്ങനെ എന്നു ആലോചിച്ചു തുടങ്ങിയൊ ? പറയാം... പറയാന്‍ തുടങ്ങിയതു ഇതൊന്നുമല്ലാ.. ഞാന്‍ കാടു കയറിപ്പോയീ...കുറേ കാലം മുന്‍പാണു (ഓന്തുകള്‍ക്കും, ദിനൊസറുകള്‍ക്കും ശേഷം ആണു കേട്ടൊ.) പവിത്രേട്ടനു എന്തൊ ഒരു അവാര്‍ഡ് കിട്ടി, കൊച്ചു കൊച്ചു അവാര്‍ഡുകള്‍ക്കു ശേഷം കിട്ടിയ ഇമ്മിണി ബല്ല്യ ഒരു അവാര്‍ഡ്.
തീക്കുനി അടങ്ങുന്ന വേളം എന്ന കൊച്ചു ഗ്രാമം ഭരിക്കുന്നതു വലതു മുന്നണി, അതില്‍ തന്നെ കൂടുതലും മുസ്ലിം ലീഗ്, പേരിനു കോണ്‍ഗ്രസ്സന്മ്മാരും. മെംബേര്‍സ് എല്ലാം നാട്ടിലെ പ്രാണിമാര്‍..അയ്യൊ..പ്രമാണിമാര്‍. അങ്ങനെ ഈ അവാര്‍ഡ് പഞ്ചായത്തു കമ്മിറ്റിയില്‍ ആരൊ എടുത്തിട്ടു, അവസാനം തീരുമാനവുമായി, 'പവിത്രനെ ആദരിക്കണം', ചടഞ്ഞു ഛെ.. ചടങ്ങു കൂടി ആദരിക്കണം.
അങ്ങനെ ആ ദിവസം സമാഗമമായി, ആരൊക്കെയൊ വേദിയില്‍ ഇരിക്കുന്നു, ആരൊക്കെയൊ മൈതാനത്തും. വേദിയില്‍ കുറെ ഖദര്‍സ്, താടീസ്, കണ്ണടാസ്. കൊച്ചു കവികള്‍, വല്ല്യ കവികള്‍,ഭരണപക്ഷം, പ്രതിപക്ഷം, അങ്ങനെ സ്വാഗതപ്രാസംഗികന്‍ മഹാന്‍ വന്നു. മുകളില്‍ പറ ഞ്ഞ തരത്തിലുള്ള ഒരു മഹാനാട്ടുപ്രാണി, എല്ലാ വേദികളിലും പ്രയോഗിക്കുന്ന സാധാരണ പ്രയോഗങ്ങല്‍ പുള്ളിക്കാരന്‍ തുടങ്ങി.. അതിനു ശേഷം ഇങ്ങനെയും.."പവിത്രന്‍ ആരാണെന്നു നമുക്കെല്ലാം അറിയാം, പവിത്രന്‍ നമ്മുടെ തീക്കുനിയുടെ പേരു കേരളം മുഴുവന്‍ എത്തിച്ചിരിക്കുന്നു, പവിത്രന്‍ ഇനിയും ഓടണം, ഇല്ലെങ്കില്‍ അവനെ നമ്മള്‍ക്കു ഓടിക്കണം, പവിത്രനു വേണ്ട ട്രെയിനിംഗ് അതിനുള്ള ചിലവു എല്ലാം നമ്മള്‍ കണ്ടെത്തണം.....
"സംഭവം ഒന്നുല്യാ.... വേറെ ആരൊ തീക്കുനി പ്രദേശത്തു ഉണ്ടു, ഒരു ഓട്ടക്കാരന്‍ , പേരു എനിക്കും അറീല്ല, അവനു എന്തോ ഒരു മെഡലൊ, സായി സ്കുളില്‍ അഡ്മിഷനൊ കിട്ടി, ഇതും ആ പഞ്ചായത്ത് കമ്മിറ്റിയില്‍ ആരൊ പറഞ്ഞിരുന്നു.
കല്പകിന്റെ ബ്ലോഗിലേക്ക്